ഐതിഹ്യം
പാണ്ഡവരുടെ വനവാസകാലത്തു പാശുപതാസ്ത്രം തേടുന്നതിന് വേണ്ടി അർജുനൻ ശിവനെ തപസ്സ് ചെയ്യാൻ യാത്രയായി. ഒരു നാൾ വഴിമധ്യത്തിൽ യാത്രാക്ഷീണം കൊണ്ട് അദ്ദേഹം ഒരു പാറപ്പുറത്ത് ഉറങ്ങി. ഉണർന്നു യാത്ര തുടങ്ങിയപ്പോൾ ഒരു പക്ഷി അദ്ദേഹത്തിന് ചുറ്റും പറന്ന് ശബ്ദമുണ്ടാക്കികൊണ്ടിരുന്നു . പക്ഷിയുടെ ശബ്ദത്തിൽ സന്ദേഹം തോന്നിയ അർജുനൻ ധ്യാനനിരതനായി.പക്ഷിയുടെ യാഥാർഥ്യം ഉള്ളിൽ വിളങ്ങിയ അദ്ദേഹം ഉണർന്ന് അതിന്റെ മാർഗ്ഗത്തെ പിൻതുടർന്നു. പക്ഷി പല ദിവസവും പറന്ന് ഒരു താഴ്വാരത്തിലെത്തി .ശുദ്ധജലം ഒഴുകുന്ന ഒരു നീർച്ചാലിനടുത്തു ആകാശത്തോളം ഉയർന്നു നിൽക്കുന്ന ഒരു മരത്തിൽ പറന്നുപറ്റിയ കിളി അർജുനന്റെ ശ്രദ്ധ അവിടേയ്ക്കു ആകർഷിച്ചു. കിളി വിളിച്ച ആ സ്ഥലത്തേക്ക് അർജുനൻ എത്തി. ഒരു വലിയ കിളിമരത്തിലിരുന്നാണ് കിളി ചിലച്ചുകൊണ്ടിരുന്നത് . മരത്തിന്റെ കടയ്ക്കൽ പരന്നിരുന്ന കിളി അർജുനന്റെ മുഖത്തേക്കു നോക്കി, ഇവിടെയാണ് നിന്റെ തപസിനുള്ള സ്ഥലം എന്ന് കിളി പറയുന്നപോലെ അർജുനന് തോന്നി. കിളി പെട്ടന്ന് അടുത്തുള്ള കൂവളത്തിൽ ചെന്ന് മൂന്ന് ഇലകൾ കൊത്തി അവിടെ കൊണ്ടിട്ടു. ശിവനെ തപസ്സ് ചെയ്യാൻ പറയുന്നതുപോലെ പാർത്ഥന് തോന്നി. കിളിവരുത്തിയ ആ കാവലിരുന്നു അർജുനൻ തപസ്സാരംഭിച്ചു, കിളിമരത്തിലിരുന്ന സ്ഥലമായതിനാൽ കിളിമരത്തിൽ കാവെന്നും സ്ഥലം അറിയപ്പെട്ടു.
അർജുനൻ അടുത്ത് കണ്ട ചെറുപൊയ്കയിൽ കുളിച്ചു അവിടെ നിന്ന് കിട്ടിയ ശിവലിംഗരൂപമുള്ള ഒരു കല്ലിനെ ശിവന്റെ പ്രതിരൂപമായി ആരാധിച്ചു. കാലം പലതുകടന്നു, അർജുനന്റെ തപസ്സ് കഠിനമായി, പാർവതിയുടെ വാക്ക് അനുസരിച്ചു ശിവൻ ഒരു കാട്ടാളനായും പാർവ്വതി കാട്ടാളസ്ത്രീയുടെ വേഷത്തിലും അർജുനന്റെ സമീപം എത്തി. ഈ സമയം ദുര്യോധനൻ അയച്ച ഒരു അസുരൻ അർജുനനെ ഇല്ലാതാക്കാൻ എത്തി, പന്നിയായി പാഞ്ഞുവന്ന അസുരന്റെ മേൽ അർജുനനും കാട്ടാളവേഷധാരിയായ ശിവനും അസ്ത്രമെയ്തു. പന്നിയുടെ മേൽ അമ്പ് എത്തിയതിനെ ചൊല്ലി ശിവനും അർജുനനും തർക്കത്തിലായി.അർജുനൻ കാട്ടാളനെ ഗാണ്ഡിവം കൊണ്ടടിച്ചു. പാർവ്വതി അത് തടയുകയും , കാട്ടാളനായി നിൽക്കുന്നത് ആരാണെന്നു പറയുകയും ചെയ്തു. സാക്ഷ്ടാംഗം നമസ്കരിച്ച അര്ജുനന് ഭഗവാൻ പാശുപതാസ്ത്രം നൽകി അനുഗ്രഹിച്ചു. ശിവന്റെ കാട്ടാള വേഷം ഞങ്ങൾക്ക് കൂടി കാട്ടിത്തരണമെന്നു അഭ്യർത്ഥിച്ചു ഗണപതി, മുരുകൻ, ശാസ്താവ്, ആഞ്ജനേയൻ, തുടങ്ങിയ ദേവഗണങ്ങൾ എത്തുകയും അവർക്കു ആരൂപം കാട്ടിക്കൊടുത്ത ശേഷം ഭഗവൻ പറഞ്ഞു “അർജുനാ നമ്മൾ നിന്ന ഈ സ്ഥലം പരിപാവനമാണ് ഇവിടെ എത്തി പ്രാർത്ഥിക്കുന്നവർക്ക് എല്ലാ മംഗളവും ഉണ്ടാകും ” ഇങ്ങനെ പറഞ്ഞു ശിവൻ മറഞ്ഞു. ഭഗവൻ മറഞ്ഞ ആ സ്ഥലത്തു ഒരു ശിവലിംഗം സ്വയംഭൂവായി ഉണ്ടാവുകയും ചെയ്തു. ഇന്നും കിളിമരത്തുകാവിൽ രണ്ടു ശിവലിംഗം ആരാധിക്കപ്പെടുന്നു.